മദ്യപിച്ചെത്തിയ പിതാവിനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം
നാഗർകോവിൽ: മദ്യപാനിയായ പിതാവിനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. തിരുവട്ടാറിന് സമീപം കുലശേഖരത്ത് ഇന്നലെയാണ് സംഭവം നടന്നത്.
കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്റെയും വിജിമോളുടെയും മകൾ സുഷ്വിക മോളാണ് മരിച്ചത്. കൂലിതൊഴിലാളിയായ സുരേന്ദ്രൻ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോൾ സുഷ്വികയും സഹോദരങ്ങളായ ഷിജോയും (12), സുജിലിൻജോയും (ഒൻപത്) സമീപമുള്ള റബർ തോട്ടത്തിലേയ്ക്ക് ഓടിപ്പോയി. കുറച്ച് സമയത്തിന് ശേഷം കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വികയാണ് പാമ്പുകടിയേറ്റ വിവരം പറയുന്നത്.
അയൽവാസികൾ ചേർന്ന് ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.