എന്റെ വീട്ടിലേക്ക് ഗുണ്ടകളെ വിട്ടാൽ ഞാൻ എന്താ പേടിച്ചുപോകുമെന്ന് കരുതിയോ? പിന്നിൽ
മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വി ഡി സതീശൻ
തിരുവനന്തപുരം: വിരട്ടാൻ നോക്കേണ്ടെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കടന്നതിൽ കടുത്ത പ്രതിഷേധവും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അതിനുള്ള ചരടുവലി നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
‘മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞിട്ടാണ് എന്റെ വീട്ടിലേക്ക് ആൾ ഇരച്ചു കയറിയത്. എന്നിട്ടവരെ ജാമ്യത്തിൽ വിട്ടിരിക്കുന്നു. ഇതാണ് നീതി അല്ലേ? ഇത് മഹാനാശത്തിന്റെ തുടക്കമാണെന്ന് ഓർമ്മപ്പെടുത്തുകയാണ്. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും തങ്ങളുടെ കൈക്കരുത്ത് അറിയുമെന്ന് പറഞ്ഞ അമ്പലപ്പുഴ എംഎൽഎയ്ക്കെതിരെ കേസെടുത്തോ? ക്രിമിനലല്ലേ അവൻ. ഒരുത്തൻ തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കൊച്ചിനെ കടത്തിയ ഡിവൈഎഫ്ഐ നേതാവ്. തിരുവനന്തപുരത്ത് കാലു കുത്താൻ സമ്മതിക്കില്ലെന്നാ അവൻ പറയുന്നേ, ക്രിമിനിലുകളാണിവർ’.
മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരാണ് കന്റോൺമെന്റ് ഹൗസിൽ പ്രതിഷേധവുമായി എത്തിയത്. ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരാണ് പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. പിടിച്ചുവച്ചിരിക്കുന്ന ആളെ പുറത്തുവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പിടിച്ചുവച്ചയാളെ പൊലീസിന് കെെമാറി. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് മർദിച്ചുവെന്ന് ഇയാൾ ആരോപിച്ചു.