കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഇ പി ജയരാജനെതിരെ പരാതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരും യാത്ര ചെയ്തത്.
സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്.
ഇരുവരെയും ശക്തിയായി പിടിച്ചുതള്ളിയതോടെ വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീഴുകയായിരുന്നു. ഇവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഡി ജി പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിൽ മദ്യപിച്ചെത്തി ബഹളം വച്ചതിനെയാണ് താൻ ചോദ്യം ചെയ്തതെന്നായിരുന്നു ഇ പി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും ജയരാജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ പരാതി നൽകിയിരുന്നു.
ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്