ഇനി സ്കൂളിലെത്തിയാൽ കാല് അടിച്ച് പൊട്ടിക്കും, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരസ്യഭീഷണിയുമായി ഡി വെെ എഫ് ഐ
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരസ്യഭീഷണിയുമായി ഡി.വെെ.എഫ്.ഐ. കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്നാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻകുമാർ, മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6E 7404 വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഫർസിൻ മജീദും, നവീൻ കുമാറും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. സുനിത്ത് കുമാറാണ് ദൃശ്യങ്ങൾ പകർത്തിയത്. ഫർസിൻ കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നത്. ഇവരിൽ ഫർസിൻ മജീദ് സ്കൂൾ അദ്ധ്യാപകനാണ്. ഫർസീൻ മജീദ് ഇനി സ്കൂളിലെത്തിയാൽ കാല് അടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി. ഡി.വെെ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജറിന്റെതാണ് ഭീഷണിപ്രസംഗം.ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ഡി.പി.ഐയുടെ നിർദേശ പ്രകാരം ഡി.ഡി.ഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കളും എത്തിയിട്ടുണ്ട്. ഇവർ കൂട്ടമായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയാണ്.അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. രാഷ്ട്രീയവൈരാഗ്യത്താൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇവർ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആർ.വധശ്രമത്തിന് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തത്. ‘നിങ്ങളെ ഞങ്ങൾ വച്ചേക്കില്ലെടാ’ എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് നേരെ പ്രതികൾ പാഞ്ഞടുത്തുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.