ഗാന്ധി പ്രതിമയുടെ തലവെട്ടി മടിയിൽ വച്ച നിലയിൽ; സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷ സാദ്ധ്യത
കണ്ണൂർ: പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. വെട്ടിമാറ്റിയ തല മടിയിൽ വച്ച നിലയിലാണ്. കെട്ടിടത്തിന്റെ ചില്ലുകളും തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തകർ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.സംഭവത്തെ രമേശ് ചെന്നിത്തല അപലപിച്ചു. പിണറായി വിജയൻ കള്ളക്കടത്ത് നടത്തിയതിന് ഗാന്ധി എന്തുപിഴച്ചു എന്നാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. കേരളത്തിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും അടിച്ചുതകർക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സർക്കാരിന്റെ അറിവോടെയും പൊലീസിന്റെ സഹായത്തോടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലായി ഇന്ന് രാവിലെയും സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. കോഴിക്കോട് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചിരുന്നു. തിരുവനന്തപുരം എകെജി സെന്ററിലും ഇന്ദിരാ ഭവനും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച കൊടികൾ സിപിഎം പ്രവർത്തകർ തകർത്തു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു.