കണ്ണൂര്‍: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിനിധികളും വിദ്യാര്‍ഥികളും. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടയുകയായിരുന്നു. വിഖ്യാത ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു.
ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടർന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരൻമാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടർന്ന് കയ്യിലുള്ള കടലാസുകളിൽ ‘പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ഇടപെട്ടത്. പ്രതിനിധികളെയും വിദ്യാർത്ഥികളെയും ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുക്കാൻ നീക്കമുണ്ടായെങ്കിലും ഇത് സംഘാടകർ തടയുകയായിരുന്നു.
എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ല. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, എന്നും ഗവർണർ. കേരളത്തിലെമ്പാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവർണർ തുടർച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിക്കുന്നുണ്ടായിരുന്നു.