ഒന്നരലക്ഷം നിക്ഷേപിച്ചാൽ ലാഭവിഹിതമായി ദിവസവും 1527 രൂപ, കമ്പനിയുടെ എം ഡി പിടിയിൽ
കാസർകോട്: ‘മൈ ക്ലബ് ട്രേഡേഴ്സ്’ എന്ന പേരിൽ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തി മുങ്ങിയെന്ന പരാതിയിൽ മൂന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ മലപ്പുറം കാളികാവ് ഉതിരുംപൊയിൽ, പാലക്കാതൊടിയിൽ മുഹമ്മദ് ഫൈസലി (32) നെയാണ് കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ അറസ്റ്റുചെയ്തത്.
കുറ്റകൃത്യത്തിനു ശേഷം ഗൾഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാൻ ബംഗളൂരു എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് പൊലീസ് സംഘം പിടിച്ചത്. മൈ ക്ലബ് ട്രേഡേഴ്സ് എന്ന കമ്പനി യിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527രൂപ പ്രകാരം ഒരു വർഷം വരെ ലാഭവിഹിതം തരും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റുചെയ്ത പ്രതി കമ്പനിയുടെ എം.ഡി ആയാണ് പ്രവർത്തിച്ചിരുന്നത്.
13 പ്രതികളുള്ള ഈ കേസിലെ ഏഴ് പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. അറസ്റ്റുചെയ്യാൻ ബാക്കിയുള്ള അഞ്ച് പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഈ പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ ജനാർദ്ദനൻ, എ.എസ്.ഐ മോഹനൻ, എസ്.സി.പി ഒ രാജേഷ് എന്നിവർ ഉണ്ടായിരുന്നു.