സ്ത്രീധനമായി കാർ കിട്ടിയില്ല; ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന്, കെട്ടിത്തൂക്കി
സേലം: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീ (26) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കീർത്തിരാജിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനമായി കാർ കിട്ടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മൂന്ന് വർഷം മുൻപാണ് ധനശ്രീയും കീർത്തിരാജും വിവാഹിതരായത്. കുറച്ച് നാളുകൾക്ക് മുൻപാണ് ദമ്പതികൾ കുടുംബ വീട്ടിൽ നിന്ന് മാറിത്താമസിച്ചത്. ഇതിനുപിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപദ്രവം തുടങ്ങിയത്. തനിക്ക് കാറും കുറച്ചുകൂടെ ആഭരണങ്ങളും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.കഴിഞ്ഞ ദിവസം വഴക്കിനിടെ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനായി മൃതദേഹം കെട്ടിത്തൂക്കി. ശേഷം യുവതിയുടെ വീട്ടിൽ വിളിച്ച് ‘അവൾ ആത്മഹത്യ ചെയ്തെന്ന്’ അറിയിച്ചു. അയൽവാസികളെയും പ്രതി വിവരമറിയിച്ചു.ധനശ്രീയുടെ തലയിൽ മുറിവുള്ളത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകമാണോയെന്ന് സംശയമുയർന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തലയ്ക്കടിയേറ്റാണ് മരണമെന്നായിരുന്നു. തുടർന്ന് പൊലീസ് കീർത്തിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.