മെഡിക്കൽ കോളേജിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച 24കാരൻ പിടിയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് ആന്ധ്രയിൽ പിടിയിലായി. ആറന്മുള സ്വദേശി പ്രവീൺ (24) ആണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനേഴുകാരിയായ പെൺകുട്ടിയുടെ അമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മയെ സഹായിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.
പ്രവീണിന്റെ അമ്മയും രോഗബാധിതയായി ആശുപത്രിയിലുണ്ടായിരുന്നു. ഇതിനിടയിൽ പ്രവീണും പെൺകുട്ടിയും തമ്മിൽ പരിചയമാവുകയും അതുമുതലെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ബന്ധുക്കളെ അറിയിച്ചതനുസരിച്ചാണ് പൊലീസിൽ പരാതിപ്പെട്ടത്. അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. ആന്ധ്രയിലുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അവിടെ ചെന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.