കഞ്ചാവ് ലഹരിയിൽ യുവാക്കൾ വടിവാളെടുത്ത് കച്ചവടക്കാരനെ വെട്ടി
കാട്ടാക്കട: കഞ്ചാവ് ലഹരിയിൽ യുവാക്കൾ കടയുടമയെ വെട്ടി. കാട്ടാക്കട കള്ളിക്കാട് ജംഗ്ഷനിൽ പഴവർഗങ്ങൾ വിൽക്കുന്ന വീരണകാവ് കല്ലാമം പുലിപ്പാറ തടത്തരികത്ത് വീട്ടിൽ രാജനാണ് (42) യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജനെ വെട്ടിയ കോട്ടൂർ നെല്ലിക്കുന്ന് സ്വദേശി രാജീവിനെ (25) നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാത്രി 9.20 ഓടെ കടയിലെത്തിയ രാജീവും സുഹൃത്തും ആപ്പിളും ഓറഞ്ചും ആവശ്യപ്പെട്ടു. പഴങ്ങൾ എടുത്ത് നൽകിയ ശേഷം രാജൻ പണം ചോദിച്ചപ്പോൾ യുവാക്കൾ വില കൂടുതലാണെന്ന് പറഞ്ഞ് തർക്കിച്ചു. ഇതിനിടെ രാജീവ് തന്റെ കൈയിലുണ്ടായിരുന്ന വടിവാളെടുത്ത് രാജനെ വെട്ടുകയായിരുന്നു. മുതുകിലും കൈകളിലും തുടയിലും വെട്ടേറ്റ രാജന്റെ നിലവിളി കേട്ട് നാട്ടുകാരും സമീപത്തെ കടകളിലുള്ളവരും ഓടിയെത്തി രാജീവിനെ കീഴ്പ്പെടുത്തി. ഇതിനിടെയാണ് കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത്. 2021ൽ നെല്ലിക്കുന്ന് കോളനിയിൽ പ്രതികളെ പിടിക്കാൻ എത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ ഇവർ രണ്ടുപേരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രാജനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമണത്തെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. ഇന്ന് കള്ളിക്കാട്ട് ഹർത്താൽ ആചരിക്കും.