സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ വാദം.
മാദ്ധ്യമങ്ങളോട് സംസാരിച്ചതുകൊണ്ടോ, മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയതുകൊണ്ടോ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്താനാവില്ല. മുഖ്യമന്ത്രിയും, ഭാര്യ കമലയുമടക്കമുള്ളവർ യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ,ഇരകൾക്ക് സംരക്ഷണം നൽകാനുള്ള 2018ലെ വിക്ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരം സംരക്ഷണത്തിന് അർഹതയുണ്ടെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു.
മറ്റ് ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേട്ടിന് മുന്നിൽ സ്വപ്ന സുരേഷ് വ്യാജ മൊഴി നൽകിയെന്നും, മുഖ്യമന്ത്രിയെയും സർക്കാരിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻമന്ത്രി കെ.ടി. ജലീലാണ് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.ഗൂഢാലോചന, കലാപമുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്.