മാസ്ക് നിർബന്ധമല്ല, വാക്സിനേഷനിലും ഇളവ്,കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഈ ഗൾഫ് രാജ്യം
റിയാദ്: കൊവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും സൗദി ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധല്ല. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യേഗിക വാർത്താ ഏജൻസിയായ എസ്.പി.എ റിപ്പോർട്ട് ചെയ്തു. എന്നാൽ മക്ക, മദീന പള്ളികളിൽ മാസ്ക് ആവശ്യമാണ്. സ്ഥാപനങ്ങൾ, വിനോദപരിപാടികൾ, വിമാനങ്ങൾ. പൊതുഗതാഗതം എന്നിവയിൽ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷൻ തെളിവ് ആവശ്യമില്ല.
അതേസമയം പ്രതിരോധ നടപടികൾ തുടരാൻ ആഗ്രഹിക്കുന്ന ആശുപത്രികൾ, പൊതുപരിപാടികൾ, വിമാന സർവീസുകൾ, പൊതുഗതാഗതം എന്നിവയ്ക്ക് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെടാം. സൗദി അറേബ്യ വിടാൻ ആഗ്രഹിക്കുന്ന പൗരൻമാർ എട്ട് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റർ ഡോസ് എടുത്താൽ മതിയാകും. നേരത്തെ ഇത് മൂന്നുമാസമായിരുന്നു. പ്രതിരോധ കുത്തിവയ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തിൽപ്പെട്ട ആളുകൾക്ക് പുതിയ നിയന്ത്രണം ബാധകമല്ല.
മൂന്നാമത്തെ ബൂസ്റ്റർ ഷോട്ട് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.