മിശ്രവിവാഹിതരായ ദമ്പതികളെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തി
ചെന്നൈ: തമിഴ്നാട്ടിൽ മിശ്രവിവാഹിതരായ ദമ്പതികളെ വെട്ടിക്കൊന്നു. കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് സംഭവം. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്.
വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പ് ചെന്നൈയിൽവച്ചായിരുന്നു ഇവരുടെ വിവാഹം. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. ഇതിനിടയിൽ മോഹനുമായി പ്രണയത്തിലായി. ഇവരുടെ വിവാഹത്തിന് ശരണ്യയുടെ വീട്ടുകാർ ശക്തമായി എതിർത്തു.
സ്വന്തം സമുദായത്തിൽപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് ബന്ധുക്കൾ യുവതിയോട് പറഞ്ഞിരുന്നു.എന്നാൽ എതിർപ്പുകൾ അവഗണിച്ച് കഴിഞ്ഞാഴ്ച ഇരുവരും വിവാഹിതരായി. തുടർന്ന് ശരണ്യയുടെ സഹോദരൻ ശക്തിവേൽ (31) സ്നേഹം നടിച്ച്, വിരുന്നിനായി ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
ദമ്പതികൾ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോൾ ശക്തിവേലും ബന്ധു രഞ്ജിത്തും ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ശരണ്യയും മോഹനും കൊല്ലപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചോളപുരം പൊലീസ് സ്ഥലത്തെത്തി കൊലയാളികളെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.