മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; തളിപ്പറമ്പിൽ ലാത്തിചാർജ്
കണ്ണൂർ: കരിമ്പത്തെ കില കേന്ദ്രത്തിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിട്ട പോലീസ് ലാത്തി വീശി. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കിലയുടെ ഉദ്ഘാടന വേദിയിൽ നിന്നും 200 മീറ്ററോളം അകലത്തിൽ ബാരിക്കേഡുയർത്തി പോലീസ് പ്രകടനക്കാരെ തടഞ്ഞിരുന്നു. അമ്പതോളം യുവാക്കളാണ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനമായെത്തിയത്. തുടർന്ന് പോലീസും പ്രതിഷേധക്കാരും ഉന്തും തള്ളും നടന്നു. ഇതിനിടെ മുദ്രാവാക്യം വിളിക്കാർക്കു നേരെ വെള്ളം ചീറ്റാനുള്ള ശ്രമം നടന്നു.
യന്ത്രത്തകരാറുകാരണം വെളളം ചീറ്റൽ വിഫലമായപ്പോൾ പോലീസ് ലാത്തി വീശുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളുൾപ്പെടെ ഏതാനും പ്രതിഷേധക്കാർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ ഒടുവിൽ അറസ്റ്റ് ചെയ്തു നീക്കി.