വിദ്യാര്‍ഥിനിയുടെ പീഡനപരാതി; വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്തു
ചെന്നൈ: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ സ്വകാര്യ നഴ്സിങ് കോളേജ് ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു. വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ ചെയര്മാന് ഡാസ്വിന് ജോണ്‍ ഗ്രേസ് ആണ് അറസ്റ്റിലായത്.
ഇവിടെ പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനി നല്കിയ പരാതിയിലാണ് നടപടി. പീഡനവുമായി ബന്ധപ്പെട്ട സ്വകാര്യ വീഡിയോ കാമ്പസില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചെയര്‍മാനെ അറസ്റ്റുചെയ്യാനാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
ചെയര്മാന് അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിദ്യാര്‍ഥിനി അറുപ്പുകോട്ടൈ വനിതാ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
അറസ്റ്റിലായ ഡാസ്വിന് ജോണ്‍ ഗ്രേസ് ബി.ജെ.പി. ജില്ലാ ന്യൂനപക്ഷമോര്‍ച്ച പ്രസിഡന്റ് കൂടിയാണ്. ചെയര്‍മാനുമായുള്ള വീഡിയോ കോള്‍ വിദ്യാര്‍ഥിനി റെക്കോര്‍ഡ് ചെയ്തിരുന്നു.
സമാനമായ പരാതിയുള്ള വിദ്യാര്‍ഥികള്‍ വേറെയുമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സൗത്ത് സോണ്‍ ഐ.ജി. അസ്ര ഗാര്‍ഗ് പറഞ്ഞു.
ചെയര്‍മാനെതിരേ നേരത്തേ പീഡനപരാതികള്‍ ഉണ്ടായിരുന്നെങ്കിലും ശക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പോലീസിനെ സമീപിക്കാതിരുന്നതെന്നും ചില വിദ്യാര്‍ഥികള്‍ വ്യക്തമാക്കി