നാട്ടിലേക്ക് പോയി വരാമെന്ന് പറഞ്ഞ് പോയ നാൽപ്പതുകാരൻ തിരികെ വന്നില്ല, ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഇരുപത്തിയാറുകാരി; കാമുകൻ ആരാണെന്ന് മനസിലായതോടെ പോസ്റ്റ് മുക്കി
ബീജിംഗ്: കാണാതായ കാമുകനെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ ചിത്രമടക്കം പോസ്റ്റ് ചെയ്ത് ഇരുപത്തിയാറുകാരി. റേച്ചർ വാട്ടേഴ്സ് എന്ന യുവതിയാണ് കാമുകൻ പോൾ മക്ഗീയെ കാണാനില്ലെന്ന് കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഒന്ന് നാട്ടിൽ പോയി വരാമെന്ന് പറഞ്ഞ് ഏപ്രിലിലാണ് നാൽപ്പതുകാരനായ പോൾ യു കെയിലേക്ക് പോയത്. നോർവിച്ചിലാണ് ഇയാളുടെ വീട്. ആഴ്ചകൾ പിന്നിട്ടിട്ടും യുവാവ് തിരിച്ചെത്താതായതോടെ പേടി തോന്നിയ റേച്ചർ ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
നോർവിച്ച് കമ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് തനിക്കൊപ്പം നിൽക്കുന്ന പോളിന്റെ ചിത്രം പങ്കുവച്ചത്. കാമുകനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം കിട്ടുന്നവർ തന്നെ ബന്ധപ്പെടണമെന്നും യുവതി ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.
പോസ്റ്റ് കണ്ട് പോളിന്റെ പരിചയക്കാരൻ യുവതിയെ ബന്ധപ്പെട്ടു.പോളിന് യു കെയിൽ ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാൾ പറഞ്ഞത്. പോളും ഭാര്യയും പിണക്കത്തിലായിരുന്നു. കൊവിഡിന്റെ തുടക്കത്തിൽ ഇയാൾ ചൈനയിലെ ഷെൻഷെനിൽ ജോലി ചെയ്യുകയായിരുന്നു. 2019ലാണ് അമേരിക്കക്കാരിയായ റേച്ചർ ചൈനയിലെത്തിയത്. ഇതിനിടെ ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു.
ഭാര്യയുള്ള വിവരം പോൾ കാമുകിയോട് പറഞ്ഞിരുന്നില്ല. ഏപ്രിലിൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയുമായി ഇയാൾ വീണ്ടും ഒന്നിക്കുകയും, അവിടെ തന്നെ ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ കാമുകൻ തന്നെ ചതിക്കുകയായിരുന്നെന്ന് ഉൾക്കൊള്ളാൻ റേച്ചറിന് എളുപ്പമായിരുന്നില്ല. എങ്കിലും ഫേസ്ബുക്കിലെ പോസ്റ്റ് ഉടൻ തന്നെ അവർ ഡിലീറ്റ് ചെയ്തു. യൂട്യൂബിലൂടെയാണ് തനിക്ക് പറ്റിയ ചതിയെക്കുറിച്ച് യുവതി തുറന്നുപറഞ്ഞത്.