ബെസ്റ്റ് ആക്ടറിന് എന്താ ക്യാരക്ടർ ഇല്ലേ? അവാർഡ് കിട്ടണമെങ്കിൽ കള്ളുക്കുടിക്കാതെയും പുകവലിക്കാതെയും അഭിനയിക്കണമെന്ന് ഷൈൻ ടോം ചാക്കോ
മികച്ച സ്വഭാവനടനുള്ള പുരസ്കാരം ലഭിക്കണമെങ്കിൽ കള്ളുക്കുടിക്കുന്നതും പുകവലിക്കുന്നതുമായ കഥാപാത്രങ്ങൾ ഒഴിവാക്കി അഭിനയിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. കുറുപ്പ് എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പരിഗണിക്കാതിരുന്നതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ച്ച കുറിപ്പിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.’പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്. കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ്. അത് അവാർഡ് നിർണയിക്കുന്ന ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഞങ്ങൾ. എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല. ഇതിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. സിനിമ കാണുന്നവരുടെ ആ സമയത്തെ മാനസിക നില ഒക്കെ അനുസരിച്ചായിരിക്കും പുരസ്കാരം നിർണയിക്കുന്നത്.പുരസ്കാരം നൽകാത്തതിൽ പ്രതിഷേധമില്ല. പ്രതിഷേധിച്ചുവാങ്ങേണ്ടതല്ല പുരസ്കാരം. നല്ല രീതിയിൽ പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ചിത്രമാണ് കുറുപ്പ്. ലൊക്കേഷനുകൾ ഒക്കെ വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണ്. കൂടുതലും റിയൽ ലൊക്കേഷനുകൾ ആണ്. സെറ്റുവർക്ക് ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് അവാർഡ് ലഭിക്കുകയെന്ന് പണ്ട് കേട്ടിട്ടുണ്ട്. റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട്ട് ഡയറക്ഷൻ ഇല്ലെന്ന് ജൂറിയ്ക്ക് തോന്നിയത്. വസ്ത്രാലങ്കാരവും, ഛായാഗ്രഹണവും സംഗീതവും മികച്ചതായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അക്കാദമിക് ആയി ഓരോ വർഷവും പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.ബെസ്റ്റ് ആക്ടറും ബെസ്റ്റ് ക്യാരക്ടർ ആക്ടറും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ല. ബെസ്റ്റ് ആക്ടറിന് ക്യാരക്ടർ ഇല്ലേ? കുറുപ്പിലെ അഭിനയത്തിന് എന്തായാലും തനിക്ക് ലഭിക്കാൻ പോകുന്നില്ല. മുഴുവൻ സമയവും ബീഡി വലിക്കുകയും കള്ളുക്കുടിക്കുകയും ചെയ്യുന്ന കഥാപാത്രത്തിന് എങ്ങനെ ബെസ്റ്റ് ക്യാരക്ടറിനുള്ള പുരസ്കാരം ലഭിക്കും. ഇനി അവാർഡ് ലഭിക്കണമെങ്കിൽ കള്ളുക്കുടിക്കാതെയും പുക വലിക്കാതെയുമുള്ള കഥാപാത്രം ചെയ്യണം. സ്വഭാവ നടനല്ലേ അപ്പോൾ നല്ല സ്വഭാവമായിരിക്കണം’; ഷൈൻ ടോം ചാക്കോ പറഞ്ഞു