പിക്കപ്പ് വാനില്‍ രഹസ്യഅറ, രഹസ്യനീക്കത്തില്‍ പിടികൂടി എക്സൈസ്
സുല്‍ത്താന്‍ബത്തേരി: സംസ്ഥാനത്തേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ടുവരുന്ന മാഫിയാസംഘത്തിലെ പ്രധാന കണ്ണികള്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ രഹസ്യനീക്കത്തിലൂടെ പിടിയിലായി. ഇവര്‍ ചരക്കുവാഹനത്തില്‍ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവന്ന 161 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ പാലക്കാട് പരദൂര്‍ പാക്കത്ത് നിസാര്‍ (37), ഗൂഡല്ലൂര്‍ ദേവര്‍ഷോല ചെമ്പന്‍വീട്ടില്‍ ഷിഹാബുദ്ദീന് (45) എന്നിവരെ അറസ്റ്റുചെയ്തു.
ഞായറാഴ്ച രാവിലെ 11 മണിയോടെ അമ്മായിപ്പാലത്തുനിന്നാണ് കഞ്ചാവ് ഒളിപ്പിച്ചുകടത്തിക്കൊണ്ടുവന്ന പിക്കപ്പ് വാന്‍ സ്റ്റേറ്റ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ആന്ധ്രയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ബത്തേരിയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ എക്സൈസിന്റെ വലയിലായത്. പിക്കപ്പ് വാനിന്റെ ചരക്കുകയറ്റുന്ന പ്ലാറ്റ്ഫോമിന്റെ അടിയില്‍ രഹസ്യയറ നിര്‍മിച്ചാണ് കഞ്ചാവുപൊതികള്‍ ഒളിപ്പിച്ചിരുന്നത്. രഹസ്യയറയ്ക്കുള്ളില്നിന്ന് 72 പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു.
സംസ്ഥാനത്തേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഒരുമാസത്തിലേറെയായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്ക്വാഡ് നിരീക്ഷണം നടത്തിവരികയായിരുന്നു.
ആന്ധ്രയില്‍നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമടക്കമുള്ള മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ടുവന്നശേഷം കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ വിതരണംചെയ്തുവന്നിരുന്ന വന്‍ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികളുടെ മയക്കുമരുന്നുകച്ചവടത്തിന് സാമ്പത്തികസഹായം നല്കി സഹായിച്ചിരുന്ന ദുബായ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നവരെക്കുറിച്ചും ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങി വിതരണംചെയ്യുന്നവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.