പബ്ജി കളിയിൽ തോറ്റതിന് ബന്ധുക്കളായ മറ്റ് കുട്ടികൾ കളിയാക്കി; പരിഹാസം സഹിക്കവയ്യാതെ 15 കാരൻ ജീവനൊടുക്കി
അമരാവതി: പബ്ജി ഗെയിം കളി തോറ്റതിൽ ബന്ധുക്കളായ കുട്ടികളുടെ പരിഹാസം സഹിക്കവയ്യാതെ 15 കാരൻ ജീവനൊടുക്കി. ആന്ധ്രയിലെ മച്ചിലിപട്ടണം നഗരത്തിലാണ് സംഭവം. വേനലവധിക്കാലം കുട്ടി പിതാവിന്റെ വീട്ടിൽ ചെലവഴിക്കവേയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുകയായിരുന്നു.
പിതാവിന്റെ കുടുംബ വീട്ടിൽ വച്ചാണ് ഗെയിമിൽ തോറ്റതിന് ബന്ധുക്കളായ കുട്ടികളെല്ലാം ചേർന്ന് 15കാരനെ കളിയാക്കിയത്. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പിതാവിന്റെ വീട്ടിൽ വച്ച് കുട്ടി മരണപ്പെട്ടതിൽ സംശയം തോന്നിയ അമ്മ പൊലീസിൽ പരാതി നൽകി. സി ആർ പി സി 174 പ്രകാരം ദുരൂഹ മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് കുട്ടിയെ എല്ലാവരും ചേർന്ന് കളിയാക്കിയ കാര്യം പുറത്തുവരുന്നത്.
ജൂൺ 11 ന് രാത്രി ബന്ധുക്കളായ കുട്ടികളോടൊപ്പം പബ്ജി കളിക്കുകയായിരുന്ന കുട്ടി ഗെയിമിൽ തോറ്റു. ഇതോടെ മറ്റുള്ളവർ അവനെ കളിയാക്കാൻ തുടങ്ങി. അവരുടെ കളിയാക്കലിനെത്തുടർന്ന് കുട്ടിയുടെ അച്ഛൻ ഗെയിം കളിക്കുന്നത് വിലക്കി. ഇതോടെ കുട്ടിയ്ക്ക് വിഷമം സഹിക്കവയ്യാതെ വരികയും മുറിയിൽ കയറി കതകടയ്ക്കുകയും ചെയ്തു. പിന്നീടാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചതെന്നുമാണ് പൊലീസ് സംഭവത്തെപ്പറ്റി വിവരിക്കുന്നത്.
കുട്ടി കൂടുതൽ സമയം മൊബൈൽ ഗെയിം കളിക്കുന്നയാളാണെന്നും, കളിയിൽ തോൽക്കുമ്പോൾ മറ്റുള്ളവരിൽ നിന്നുള്ള പരിഹാസം സഹിക്കാൻ കഴിയാതെ വിഷാദത്തിലാകുന്ന സ്വഭാവക്കാരനായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവത്തിന് പിറ്റേന്ന് രാവിലെ ബന്ധുക്കൾ കുട്ടി ഉറങ്ങിയിരുന്ന മുറിയുടെ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ കതക് തകർത്ത് ബന്ധുക്കൾ അകത്തുകയറി. അപ്പോഴാണ് കുട്ടി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാജ്യത്തിന്റെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി 2020 സെപ്തംബറിൽ പബ്ജി ഇന്ത്യയിൽ നിരോധിച്ചിരുന്നു. എന്നാൽ ഇതിന്റെ മറ്റ് പതിപ്പുകളായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, പബ്ജി ന്യൂ സ്റ്റേറ്റ് എന്നിവ ഇന്ത്യയിൽ ലഭ്യമാണ്.
കഴിഞ്ഞ ദിവസം ലക്നൗവിൽ പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് ഒരു 16 കാരൻ തന്റെ അമ്മയെ വെടിവച്ചു കൊന്നിരുന്നു. ഗെയിം കളിക്കാൻ മാതാവ് സമ്മതിക്കാത്തതിനെത്തുടർന്നാണ് കുട്ടി അമ്മയെ കൊലപ്പെടുത്തിയത്.