അടുത്ത രാഷ്ട്രപതി ആര്? പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ പോന്ന സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ ബിജെപി, ദൗത്യം രണ്ടുപേർ ഏറ്റെടുത്തു
ന്യൂഡൽഹി: ജൂലായ് 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിക്ക് പ്രതിപക്ഷവുമായി സമവായമുണ്ടാക്കാൻ ബി.ജെ.പി നീക്കം. പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെയും പാർട്ടി ചുമതലപ്പെടുത്തി. അതേസമയം, പ്രതിപക്ഷത്തും പൊതു സ്ഥാനാർത്ഥിക്കായി ചർച്ചകൾ സജീവമായി.പ്രതിപക്ഷത്തിന് കൂടി അഭിമതനായ ന്യൂനപക്ഷ, ദളിത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പൊതു സ്ഥാനാർത്ഥിയെ കണ്ടെത്തി മത്സരമൊഴിവാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ഇക്കാര്യം എൻ.ഡി.എ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും ബോധ്യപ്പെടുത്തുകയാണ് രാജ്നാഥിനും ജെ.പി. നദ്ദയ്ക്കും നൽകിയ ദൗത്യം. സ്വതന്ത്രൻമാരെയും പ്രത്യേകം കാണും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്മയ്ക്കായി ശ്രമിക്കുന്ന എൻ.സി.പി നേതാവ് ശരത് പവാർ ഇന്നലെ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗുമായി കൂടിക്കാഴ്ച നടത്തി.രാഷ്ട്രപതി സ്ഥാനാർത്ഥി വിഷയം ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി ബുധനാഴ്ച 19 പാർട്ടി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മമത പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നതിൽ താത്പര്യമില്ലെങ്കിലും കോൺഗ്രസ് ചർച്ചയിൽ പങ്കെടുത്തേക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ഭരണത്തെ ചെറുക്കാനും ഭരണഘടന സംരക്ഷിക്കാനും പ്രാപ്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രതിപക്ഷവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ധ്യക്ഷ സോണിയയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയെ ചർച്ചകൾക്കായി ചുമതലപ്പെടുത്തി.