പ്രശസ്ത സിനിമാതാരത്തിന്റെ മകൻ മയക്കുമരുന്ന് കേസിൽ പിടിയിൽ, കസ്റ്റഡിയിലെടുത്തത് നഗരത്തിലെ ഹോട്ടലിൽ നിന്ന്
ബംഗളൂരു: പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന സംശയത്തെ തുടർന്ന് പ്രശസ്ത ബോളിവുഡ് താരം ശക്തി കപൂറിന്റെ മകൻ സിദ്ധാന്ത് കപൂറിനെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എംജി റോഡിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സംശയിക്കുന്ന മുപ്പത്തഞ്ചുപേരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പാർട്ടിക്ക് എത്തിയതാണോ അതോ പാർട്ടിയിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ചതാണോ എന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ചതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തവരിൽ ശക്തി കപൂറിന്റെ മകൾ ശ്രദ്ധ കപൂറും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇവർക്കെതിരെ കാര്യമായ തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല. പുറത്തുവന്ന ചില വാട്ട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, ദീപിക പദുക്കോൺ എന്നിവരെ ചോദ്യം ചെയ്തത്.അറിയപ്പെടുന്ന നടൻ കൂടിയാണ് സിദ്ധാന്ത് കപൂർ. 2020-ൽ പുറത്തിറങ്ങിയ ‘ബൗകാൽ’ എന്ന വെബ് സീരീസിൽ ചിന്തു ദേധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഷൂട്ടൗട്ട് അറ്റ് വഡാല’, ‘അഗ്ലി’, ‘ഹസീന പാർക്കർ’, ‘ചെഹ്രെ’ തുടങ്ങിയ നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ‘ഭാഗം ഭാഗ്’, ‘ചപ് ചുപ് കേ’ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.