പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ
കോഴിക്കോട്: കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശി സാദിഖിനെയാണ് പൊലീസ് പിടികൂടിയത്. മുൻ ജീവനക്കാരനായ ഇയാൾ സാമ്പത്തിക ബാധ്യത തീർക്കാനാണ് അമ്പതിനായിരം രൂപ കവർന്നത്. സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തത്.
സിനിമ സ്റ്റൈലിൽ കവർച്ച നടത്തിയത് പമ്പിലെ മുൻ ജീവനക്കാരൻ സാദിഖ് തന്നെയാണ്. ബൈക്കിന്റെയും മൊബൈൽ ഫോണിന്റെയും വായ്പ തിരിച്ചടവ് മുടങ്ങി സാമ്പത്തിക ബാധ്യയേറിയപ്പോൾ പമ്പിൽ കയറി മോഷണം നടത്താൻ തീരുമാനിച്ചു. ധൂം അടക്കം ത്രില്ലർ സിനിമകൾ കണ്ടാണ് മുഖം മൂടിയും കോട്ടുമൊക്കെ ധരിച്ച് മോഷണത്തിനിറങ്ങിയത്. പമ്പിലെ ഓഫീസ് മുറിക്ക് മുകളിൽ രാത്രിയോടെ ഇയാൾ കയറിക്കൂടി. പുലർച്ചെ ഒരു ജീവനക്കാരൻ മാത്രമുള്ളപ്പോൾ താഴേക്ക് ഇറങ്ങി, മുളക് പൊടി വിതറിയ ശേഷം ജീവനക്കാരനെ കെട്ടിയിട്ട്, പോക്കറ്റിലുണ്ടായിരുന്ന പണം കവർന്നു.
പെട്രോൾ പമ്പിലെ സാഹചര്യങ്ങൾ വ്യക്തമായി അറിയാവൂന്ന ആളാകും മോഷ്ടാവ് എന്ന് പൊലീസ് ആദ്യമെ സംശയിച്ചിരുന്നു. മുൻപ് ഇവിടെ ജോലി ചെയ്തവരുടെ വിവരങ്ങൾ തേടി, ഫേസ്ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചു. ഇതിനിടെയാണ് സാദിഖിന്റെ ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോട്ടും കൈയുറയുമൊക്കെ മോഷ്ടാവിന്റേത് തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ സാദിഖിനെ പിടികൂടി ചോദ്യം ചെയ്തതോടെ കവർച്ചയുടെ ചുരുളഴിഞ്ഞു. വെറും രണ്ട് ദിവസം കൊണ്ട് പ്രതിയെ പിടികൂടാൻ ആയത് പൊലീസിനും നേട്ടമായി.