ചെറായിയിലെ പമ്പില്‍ മോഷണം: യുവതി അറസ്റ്റില്‍, ഭര്‍ത്താവിനായി പോലീസിന്റെ തിരച്ചില്‍
കൊച്ചി: ചെറായിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്ന മാത്യു(22)വിനെയാണ് മുനമ്പം പോലീസ് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ജോസ്നയുടെ ഭര്‍ത്താവായ റിയാദാണ് കേസിലെ ഒന്നാംപ്രതിയെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചെറായി ജങ്ഷനിലെ ‘രംഭാ ഫ്യൂവല്‍സ്’ പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന രണ്ട് മോഷ്ടാക്കള്‍ 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാക്കളില്‍ ഒരാള്‍ സ്ത്രീയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത്താണിയിലെ ലോഡ്ജില്‍നിന്ന് ജോസ്നയെ പിടികൂടിയത്.
പ്രതികള്‍ മോഷണത്തിനെത്തിയ കാറും ഓഫീസ് മുറി കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്ക്രൂഡ്രൈവറും പോലീസ് കണ്ടെടുത്തു. കേസിലെ ഒന്നാംപ്രതിയായ റിയാദ് ഇരുപതിലധികം കേസുകളില്‍ പ്രതിയാണ്. ആലങ്ങാടും കുന്നംകുളത്തും പെട്രോള്‍ പമ്പുകളില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നിലും ഇയാളാണെന്നാണ് പോലീസിന്റെ സംശയം. അറസ്റ്റ് ചെയ്ത ജോസ്നയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
മുനമ്പം ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ വടക്കേക്കര എസ്.ഐ. അരുണ്‍ദേവ്, മുനമ്പം എസ്.ഐ. സുനില്‍കുമാര്‍, എസ്.ഐ. രാജീവ്, പ്രൊബേഷന്‍ എസ്.ഐ. രതീഷ് ബാബു, നോര്‍ത്ത് പറവൂര്‍ എസ്.ഐ. ബിജു, എ.എസ്.ഐ. സുരേഷ്ബാബു, സി.പി.ഒ.മാരായ അഭിലാഷ്, ലെനീഷ്, പ്രശാന്ത്, ആസാദ്, ശരത്ത്, വനിതാ എസ്.സി.പി.ഒ. ജിനി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. റൂറല്‍ എസ്.പി. കെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ മുനമ്പം ഡിവൈ.എസ്.പി. ടി.ആര്. രാജേഷിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.