രാജ്യത്ത് പലയിടത്തും സംഘർഷം, ഹൗറയിൽ കടകൾ കത്തിച്ചു
ഡൽഹി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധത്തിൽ രാജ്യത്ത് ഇന്നും സംഘർഷം. മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും ഇന്നും ആക്രമസക്തമായി. ഹൗറയിൽ പ്രതിഷേധക്കാർ കടകൾക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തി വീശി. സംഘർഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഹൗറയിലെ സംഘർഷ മേഖലകൾ സന്ദർശിക്കാൻ എത്തിയ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനുപിന്നാലെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. പൊലീസിന്റെ നിഷ്ക്രിയത്വമാണ് സംഘർഷത്തിന് കാരണമെന്ന് ഗവർണർ ജഗദീപ് ധൻക്കർ വിമർശിച്ചു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു.
ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്. പൊലീസിന് നേരെ പ്രതിഷേധക്കാരും വെടിവച്ചു എന്നാണ് റിപ്പോർട്ട്. നാല് പൊലീസുകാരും ഒരു പ്രതിഷേധക്കാരുംവെടിയേറ്റ് ചികിത്സയിലാണ്. വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ യുപിയിലെ പ്രയാഗ് രാജ്, മൊറാദാബാദ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജിൽ നടന്ന അക്രമത്തിന് പിന്നിൽ എഐഎംഐഎം നേതാവായ ജാവേദ് അഹമ്മദാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹാറൻപുരിലെ സംഘർഷത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പൊലീസ് പറഞ്ഞു.