എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ഗാനം, പിന്നാലെ കവർച്ച നടത്തിയതിന് അറസ്റ്റിൽ
എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ഗാനം തയ്യാറാക്കി യൂട്യൂബിൽ പങ്കുവച്ച യുവാവ് എടിഎം കവർച്ച നടത്തിയതിന് അറസ്റ്റിലായി. യുഎസ്സിലെ ടെന്നസി(Tennessee, US)യിലാണ് സംഭവം. നാഷ്വില്ലിലെ തോംസൺ ലെയ്നിലെ ബാങ്ക് ഓഫ് അമേരിക്കയുടെ എടിഎമ്മിലാണ് കവർച്ച നടത്തിയത്. കുറ്റം ചുമത്തപ്പെട്ട നാല് പേരിൽ ഒരാളാണ് 30 -കാരനായ ലേഡിഷൻ റിലേ എന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.
ഡാരിയസ് ദുഗാസ്, സാഷോന്ദ്രെ ഡുഗാസ്, ക്രിസ്റ്റഫർ ആൾട്ടൺ എന്നിവരായിരുന്നു മറ്റ് അറസ്റ്റ് ചെയ്യപ്പെട്ടവർ. നാല് പേരും ടെക്സാസിലെ ഹൂസ്റ്റണിൽ നിന്നുള്ളവരാണ്. “തോംസൺ ലെയ്നിലെ ബാങ്ക് ഓഫ് അമേരിക്ക എടിഎമ്മിൽ രാവിലെ 10:40 -ന് കവർച്ച നടത്തിയതിന് ടെക്സാസിൽ നിന്നുള്ള നാല് പേർ കസ്റ്റഡിയിലാണ്” നാഷ്വില്ലെ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിൽ എഴുതിയിരിക്കുന്നു.
റിലേയുടെ റാപ്പിന്റെ പേര് ‘213 ജഗ്ഗ് ഗോഡ്’ എന്നാണ്. അടുത്തിടെയാണ് ‘മേക്ക് ഇറ്റ് ഹോം’ എന്ന പേരിൽ ഒരു സംഗീത വീഡിയോ അവർ ഷെയർ ചെയ്തത്. അതിൽ സംസ്ഥാനത്തെ എടിഎമ്മുകൾ പതിവായി കൊള്ളയടിക്കപ്പെടുന്നതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ വാഹനത്തിൽ പണം ഉണ്ടെന്നും അത് കൊള്ളയടിക്കപ്പെടാതെ വീട്ടിലെത്തുക എങ്ങനെ എന്നതിനെ കുറിച്ചുമെല്ലാം പരാമർശിക്കുന്നു.
രണ്ടാമത്തെ പത്രക്കുറിപ്പ് പ്രകാരം, മോഷ്ടാക്കൾ എന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേർ എടിഎമ്മിലുണ്ടായിരുന്നയാളെ സമീപിക്കുകയും മണ്ടത്തരങ്ങൾ ഒന്നും ചെയ്യരുതെന്നും പണം കൈമാറണമെന്നും പറയുകയുമായിരുന്നു. വാടകയ്ക്കെടുത്ത വാഹനത്തിലെത്തിയാണ് മോഷണം നടത്തിയത് എന്നും കണ്ടെത്തുകയായിരുന്നു. പിന്നീട് വാഹനം പിന്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.