കോട്ടുളിയിലെ പെട്രോള്‍ പമ്പില്‍ മോഷണം: മുന്‍ ജീവനക്കാരന് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിലെ പെട്രോള്‍ പമ്പില്‍ സെക്യുരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തിയ പ്രതി പിടിയില്‍. പമ്പിലെ മുന്‍ ജീവനക്കാരന് മലപ്പുറം എടപ്പാള്‍ സ്വദേശി സാദിഖ് (22) ആണ് പിടിയിലായത്. ഇയാള്‍ പമ്പില്‍ നിന്ന് മോഷ്ടിച്ച 60,000 രൂപയും കണ്ടെടുത്തു.
കഴിഞ്ഞ ദിവസമാണ് പമ്പിന്റെ വാതിലുകളില്‍ മുളക് പൊടി വിതറിയ ശേഷം സെക്യുരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണവും ഇയാള്‍ മോഷ്ടിച്ചു കടന്നുകളഞ്ഞു. ഹിന്ദി സംസാരിക്കുന്ന ആളാണ് മോഷണം നടത്തിയതെന്ന് സെക്യുരിറ്റി ജീവനക്കാരന് പറഞ്ഞിരുന്നു.
ഹിന്ദി സംസാരിച്ചത് അന്വേഷണം വഴിതെറ്റിക്കാനാണെന്ന് പോലീസ് പറയുന്നു. പമ്പിന്റെ ഉടമയുമായി സാദിഖിന് ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. കറുത്ത വസ്ത്രവും മുഖംമൂടിയും ഗ്ലൗസും ധരിച്ചാണ് പ്രതി മോഷണത്തിനെത്തിയത്.