ഹോം ഗാർഡിനെ മർദിച്ച് യൂണിഫോം വലിച്ചുകീറി മന്ത്രിയുടെ അനന്തരവൻ; കയ്യിൽ മദ്യകുപ്പികളുമായി യുവാക്കൾ
ലക്നൗ: ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനോട് കര്‍ണാടക ബി ജെ പി എം എല്‍ എയുടെ മകള്‍ കയർത്ത സംഭവം വിവാദമായതിന് പിന്നാലെ അധികാരദുർവിനിയോഗത്തിന്റെ മറ്റൊരു ഉദാഹരണമായി ഉത്തർപ്രദേശിൽ സമാനസംഭവം അരങ്ങേറി. എന്നാൽ ജൂൺ നാലിന് നടന്ന സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് ഇന്നലെയാണ്. സംസ്ഥാനത്തിലെ വനം മന്ത്രിയുടെ അനന്തരവനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പ്രദേശത്തെ ഒരു ചായക്കടയിൽ വച്ച് ഹോം ഗാർഡ് പ്ളാറ്റൂൺ കമാൻഡറായ ഒമേന്ദ്ര കുമാറിനെ വനം മന്ത്രിയായ അരുൺ കുമാർ സക്സേനയുടെ അനന്തരവൻ അമിത് കുമാറും സുഹൃത്തുക്കളും മർദിക്കുകയായിരുന്നു. ഹോം ഗാർഡിന്റെ ഡ്യൂട്ടി സ്ഥലം സംബന്ധിച്ച് ചോദിച്ചുകൊണ്ടാണ് മർദനം നടന്നത്.
30 മിനിട്ടോളം ഒമേന്ദ്ര കുമാറിനെ പരസ്യമായി മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യുവാക്കളുടെ കൈകളിൽ മദ്യകുപ്പിൾ ഉള്ളതായി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ബറേലിയിലെ ലോക്കൽ പൊലീസ് എഫ് ഐ ആ രജിസ്റ്റർ ചെയ്തെങ്കിലും അമിത്തിന്റെ പേര് പറഞ്ഞിരുന്നില്ല. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെയാണ് പൊലീസ് എഫ് ഐ ആറിൽ മന്ത്രിയുടെ മരുമകന്റെ പേര് ഉൾപ്പെടുത്തിയത്.