രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ് കണക്ക്; മുന്നിൽ കേരളവും മഹാരാഷ്ട്രയും
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 7584 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 7240 ആയിരുന്നു. ആക്ടീവ് കേസുകൾ 36,267 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 5, 24,747ആയി. 24 മണിക്കൂറിനിടെ 3791 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 4.26 കോടിയായി. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 2.26 ശതമാനമാണ്. 3,35,050 പരിശോധനകൾ ഒരാഴ്ചയ്ക്കിടെ നടത്തി. രാജ്യത്ത് 194.76 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകി.വിവിധ സംസ്ഥാനങ്ങളിലെ കണക്ക് പരിശോധിച്ചാൽ മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 2813 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാമത് കേരളത്തിൽ 2193 കേസുകളാണുളളത്. 622 കേസുകളുളള ഡൽഹി മൂന്നാമതാണ്. അഞ്ച് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കേരളമടക്കം സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുതലായതിനാൽ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഐഐടി കാൺപൂർ നടത്തിയ വെളിപ്പെടുത്തലിൽ ജൂൺ 22ന് രാജ്യത്ത് കൊവിഡ് നാലാം തരംഗം ഉണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് കേസുകൾ വർദ്ധിക്കുന്നതിനാൽ ശക്തമായ പ്രതിരോധത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്