കണ്ണൂരിലെ മാർച്ചിൽ സംഘർഷ സാദ്ധ്യതയെന്ന് പൊലീസിന്റെ മുന്നറിയിപ്പ്; കെ സുധാകരന് നോട്ടീസ്
കണ്ണൂർ: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പൊലീസ് നോട്ടീസ്. കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ പൊലീസിന് നേരെ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ സുധാകരനാണ്. ഇന്ന് രാവിലെ കണ്ണൂർ സിറ്റി അസി കമ്മീഷണറാണ് സുധാകരന് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടത്തുന്നത്.കണ്ണൂരിൽ നടക്കുന്ന മാർച്ചിനിടെ കളക്ടറേറ്റിലേക്കും പൊലീസ് നേരെയും കുപ്പിയേറ് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും മാർച്ചിന്റെ ഉദ്ഘാടകൻ എന്ന നിലയ്ക്ക് അക്രമസംഭവങ്ങളുണ്ടായാൽ സുധാകരനെതിരെ കേസെടുക്കുമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അസാധരണ നടപടിയാണിത്.അതേസമയം, കനത്ത പൊലീസ് സുരക്ഷയാണ് കളക്ടറേറ്റിൽ വിന്യസിച്ചിരിക്കുന്നത്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 200ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.