മകളേക്കാൾ അവർ ജാതിയെ സ്നേഹിക്കുന്നു’; ദളിത് യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു, കൊല്ലപ്പെടുന്നതിന് മുൻപ് പതിനേഴുകാരി പൊലീസിനയച്ച കത്ത് പുറത്ത്
മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നു. പതിനേഴുകാരിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയാണ് നടന്നതെന്നും ശാലിനിയുടെ പിതാവ് സുരേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കർണാടകയിലെ വൊക്കലിഗ വിഭാഗത്തിൽപ്പെട്ട ശാലിനി തൊട്ടടുത്ത ഗ്രാമത്തിലെ ദളിത് യുവാവായ മഞ്ജുനാഥുമായി പ്രണയത്തിലായിരുന്നു. ഇതിനെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. കൂടാതെ യുവാവ് ശല്യം ചെയ്യുന്നെന്ന് കാണിച്ച് അവർ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായ ശാലിനി താൻ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ അധികൃതർ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. എന്നാൽ തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പെൺകുട്ടി പിന്നീട് ആവശ്യപ്പെടുകയായിരുന്നു.ശാലിനിയെ ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും, പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഇതിനുതയ്യാറായില്ല. ഇതോടെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം യുവാവിന്റെ കൃഷിയിടത്തിൽ കൊണ്ടിടുകയും ചെയ്തു.
വീട്ടുകാർ ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി പൊലീസിന് കത്തയച്ചിരുന്നു. അവർ മകളേക്കാൾ ജാതിയെ സ്നേഹിക്കുന്നു. കൊല്ലപ്പെട്ടാൽ വീട്ടുകാർ മാത്രമായിരിക്കും ഉത്തരവാദിയെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. മഞ്ജുനാഥിനെ കൊല്ലാൻ പെൺകുട്ടിയുടെ വീട്ടുകാർ രണ്ട് ലക്ഷം രൂപ വാടകക്കൊലയാളികൾക്ക് വാഗ്ദ്ധാനം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.