കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്, നടപടി ഉടൻ
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും ഒരുപോലെ വീഴ്ച്ച പറ്റിയെന്ന് വിജിലന്‍സ്. പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടിന്മേൽ ഉടൻ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് സെക്രട്ടറി വ്യക്തമാക്കി.പദ്ധതിയുടെ ചുമതലയുള്ള അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറും അസി. എന്‍ജിനിയറും ബീമുകള്‍ സ്ഥാപിക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണ് ബീമുകൾ തകരാൻ കാരണമെന്നാണ് കരാറുകാർ നൽകിയ വിശദീകരണം. മേയ് 16നാണ് അപകടം നടന്നത്. കോഴിക്കോട് – മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് തകർന്നത്.കരാര്‍ കമ്പനിയുടെ ജീവനക്കാർ മാത്രമാണ് ബീം സ്ഥാപിക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ കരാര്‍ കമ്പനിയായ ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒരുപോലെ വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം, അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന ആക്ഷേപം പൊതുമരാമത്ത് വിജിലന്‍സ് തള്ളിയിട്ടുണ്ട്.