സാക്ഷികളെ ഒളിവിൽ പാർപ്പിച്ച് കൂറുമാറ്റുന്നു; ആരോപണവുമായി മധുവിന്റെ കുടുംബം
പാലക്കാട്: മധു കൊലക്കേസ് രാഷ്ട്രീയ സ്വാധീനവും പണവുമുപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് കുടുംബം. സാക്ഷിവിസ്താരത്തിനെത്തിയ രണ്ട് പേർ അടുത്തടുത്ത ദിവസങ്ങളിൽ കൂറുമാറി. സാക്ഷികളെ ഒളിവിൽ പാർപ്പിച്ചാണ് പ്രതികൾ കൂറുമാറ്റുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.
സാക്ഷികളെ ഒളിപ്പിച്ചിരിക്കുകയാണെന്നും, അവരുമായി സംസാരിക്കാൻ കഴിയാത്തത് പ്രതിസന്ധിയുണ്ടാക്കുന്നെന്നും സ്പെഷൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ പ്രതികരിച്ചു. മധുവിനെ മർദിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകിയവരാണ് അടുത്തിടെ കൂറുമാറിയത്. സാക്ഷിവിസ്താരത്തിനിടെ നേരത്തെ നൽകിയ മൊഴി ഇരുവരും നിഷേധിച്ചു. പൊലീസിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയതെന്ന് ഇവർ തിരുത്തിപ്പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നിരുന്നു.