സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. ‘സ്വപ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്’. ഹർജിയ്ക്ക് പിറകിൽ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുന്‍ മന്ത്രി കെ ടി ജലീല്‍. ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജൻസികൾ വിളിച്ച് വരുത്തി. സ്വർണം എവിടെ പോയി ആർക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു
മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു. പൊതു പ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീൽ പറഞ്ഞു. പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം .