കാൻസർ രോഗം പൂർണമായി മാറ്റുന്ന അത്ഭുത മരുന്ന് ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതാണോ? വിദഗ്ദ്ധരുടെ അഭിപ്രായം ഇങ്ങനെ
മുംബയ്: കാൻസർ പൂർണമായും ഭേദമാക്കുന്ന ഡോസ്ടാര്‍ലിമാബ് എന്ന മരുന്നിനെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മലാശയ ക്യാൻസർ രോഗികളായ കുറച്ചുപേരിൽ നടത്തിയ പരീക്ഷണത്തിൽ മരുന്ന് 100 ശതമാനം വിജയമാണെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ വംശജ നിഷ വര്‍ഗീസും രോഗം ഭേദമായവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ലോകത്തിന് വൻ പ്രതീക്ഷ നൽകുന്ന മരുന്ന് ഉപയോഗം ഇന്ത്യൻ സാഹചര്യത്തിൽ എങ്ങനെയാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് പ്രമുഖ കാൻസർ വിദഗ്ദ്ധരായ പ്രജ്ഞാ ശുക്ലയും പ്രമോദ് കുമാർ ജുൽക്കയും.
വേദനാജനകമായ കീമോതെറാപ്പിയും ശസ്ത്രക്രിയയും കൂടാതെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന കണ്ടുപിടിത്തം മഹത്തരമാണെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് ഇരുവരും പറയുന്നത്. വളരെ ചെറിയ ഒരു കൂട്ടംപേരിലാണ് (18പേരിൽ ) പഠനം നടത്തിയത്. കൂടുതൽപ്പേരിൽ പരീക്ഷണം നടത്തുന്നതോടെ ഫലം കൂടുതൽ വിശ്വാസ്യയോഗ്യമാകും. ചികിത്സ നടത്തിയശേഷമുള്ള ആറുമുതൽ ഇരുപത്തിയഞ്ച് മാസം വരെയുള്ള തുടർ കാലയളവ് ഒരു കാസർ രോഗിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. വ്യത്യസ്ത രീതിയിൽ വ്യത്യസ്ത സമയങ്ങളിൽ രോഗം വീണ്ടും വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നതാണ് ഇതിന് കാരണം. പരീക്ഷണത്തിന്റെ ഭാഗമായി രോഗബാധിതര്‍ ആറുമാസം മാത്രമാണ് മരുന്ന് കഴിച്ചത്. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ കാൻസർ കോശങ്ങൾ കണ്ടെത്താനായില്ലെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ രോഗികളെ കൂടുതൽ കാലം നിരീക്ഷിച്ച് അവർക്ക് രോഗം വീണ്ടും വരില്ലെന്ന് ഉറപ്പുവരുത്തണം.
പണച്ചെലവ്
മരുന്ന് ഉപയോഗിക്കുന്നതിനുവേണ്ടിയുള്ള ചെലവ് ഇന്ത്യക്കാർക്ക് താങ്ങാനാവുമോ എന്നതാണ് മറ്റൊരു കാര്യം. മൂന്നാഴ്ചയില്‍ ഒരിക്കല്‍വീതം ആറുമാസത്തേക്കാണ് രോഗികള്‍ക്ക് ഡോസ്ടാര്‍ലിമാബ് നല്‍കിയത്. ഇന്ത്യൻ വിപണിയിലെ നിരക്കുവച്ച് കണക്കാക്കിയാൽ ആറുമാസത്തെ ചികിത്സയ്ക്ക് കുറഞ്ഞത് മുപ്പതുലക്ഷം രൂപയെങ്കിലും ചെലവാകും. ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവുന്നതിനും അപ്പുറമാണ്. ഇപ്പോഴത്തെ നിലയിൽ ഇത് വൻ ചെലവാണെങ്കിലും കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുന്നതോടെ ചെലവ് വളരെ കുറയുമെന്നാണ് കരുതുന്നത്.
സന്തോഷിക്കാൻ കാരണങ്ങൾ പലതുണ്ട്
ഗർഭാശയ ക്യാൻസർ രോഗത്തിന് ഇമ്മ്യൂണോതെറാപ്പി മരുന്നായി ഉപയോഗിക്കുന്നതാണ് ഡോസ്ടാര്‍ലിമാബ്. കൂടുതൽ രോഗികളിൽ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. രോഗികളിലെല്ലാം ജനിതക മാറ്റമുളള ക്യാൻസറാണ് ബാധിച്ചിരുന്നത്. ഇത്തരം അർബുദ കോശങ്ങൾ കീമോത്തെറാപ്പി, റേഡിയേഷൻ ചികിത്സയിലൂടെ മാറുക കുറവാണ്. അവ ശസ്ത്രക്രിയ വഴി ഇല്ലാതാക്കുക എന്നതായിരുന്നു ഇതുവരെയുളള സാദ്ധ്യത. സാധാരണ ഇത്തരക്കാരിൽ രോഗചികിത്സയെ തുടർന്ന് വന്ധ്യത, കുടലിന്റെയും മൂത്രാശയത്തിന്റെയും പ്രശ്നങ്ങൾ, ലൈംഗിക അപര്യാപ്തത എന്നിങ്ങനെ ദീർഘനാൾ നീളുന്ന ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതൊന്നും ഡോസ്ടാര്‍ലിമാബ് നൽകിയ രോഗികളിൽ ഉണ്ടായിരുന്നില്ല.
എല്ലാവരിലും ഒരുപോലെ മരുന്ന് ഫലംകണ്ടുവെന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പരീക്ഷണത്തിനു നേതൃത്വം നല്കിയ ഡോ. ലൂയി എ. ഡയസ് ജൂനിയര്‍ പറഞ്ഞു. മുഴുവന്‍പേര്‍ക്കും രോഗമുക്തി നേടാനായത് വലിയ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. സൈമണ്‍ ആന്‍ഡ് ഈവ് കോളിന് ഫൗണ്ടേഷന്, ഗ്ളാക്സോ സ്മിത്ത്ക്ലൈന്‍, സ്റ്റാന്‍ഡ് അപ്പ് ടു കാന്‍സര്‍, സ്വിം എക്രോസ് അമേരിക്ക, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടന്നത്.