ആ അരുംകൊലയ്ക്ക് പിന്നില്‍ പിശാചോ, ഇനിയും ഉത്തരംകിട്ടാത്ത വിചിത്രമായ കൊല!
അമേരിക്ക :യു എസിലെ കണക്റ്റിക്കട്ടിലെ ബ്രൂക്ക്ഫീല്‍ഡ് പട്ടണത്തില്‍ 1981 ഫെബ്രുവരിയില്‍, ആര്‍നെ ജോണ്സണ് എന്ന 19 -കാരന് തന്റെ വീട്ടുടമയെ കൊലപ്പെടുത്തി. പട്ടണത്തിന്റെ 193 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ കൊലപാതകമായിരുന്നു അത്. ഒരു നായവളര്‍ത്തു കേന്ദ്രത്തിന്റെ മാനേജരായ അലന് ബോണോയെയാണ് ജോണ്സണ് കൊന്നത്. ഒരു തര്‍ക്കത്തെ തുടര്‍ന്ന്, ജോണ്സണ് അലന്റെ നെഞ്ചിലും വയറിലും നാല് തവണ കുത്തുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മദ്യലഹരിയില്‍ സംഭവിച്ച ഒരു കൈപ്പിഴയായേ തോന്നൂ.
‘അതൊരു സാധാരണ കുറ്റകൃത്യമായിരുന്നു’- അന്നത്തെ പോലീസ് മേധാവി ജോണ്‍ ആന്ഡേഴ്സണ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് 5 ഇഞ്ച് നീളമുള്ള ജോണ്‍സന്റെ പോക്കറ്റ് കത്തി കണ്ടെത്തിയതോടെ പൊലീസ് ജോണ്‍സണെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ബ്രിഡ്ജ്പോര്‍ട്ട് കറക്ഷണല്‍ സെന്ററില്‍ തടവിലാക്കി.
എന്നാല്‍ ജോണ്‍സനു പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മയില്ലെന്നായിരുന്നു അയാളുടെ വാദം. മാത്രവുമല്ല, ഇത് മറ്റാരോ തന്നെക്കൊണ്ട് ചെയ്യിച്ചതാണെന്നും, പിശാച് തന്നെ ബാധിച്ചിരിക്കയാണെന്നും അയാള്‍ പറഞ്ഞു. കൊലപാതക ദിവസം അവന്റെയൊപ്പം പ്രതിശ്രുതവധു ഡെബി ഗ്ലാറ്റ്സെലും അവളുടെ 9 വയസ്സുള്ള കസിന് മേരിയും ജോണ്‍സന്റെ സഹോദരി വാന്‍ഡയും ഉണ്ടായിരുന്നു. കൊലപാതകത്തിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പേ തന്നെ ജോണ്‍സന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയെന്ന് ഡെബി പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് ഒരു വര്‍ഷം മുമ്പാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഡെബിയുടെ 11 വയസ്സുള്ള സഹോദരന് ഡേവിഡിന്റെ പെരുമാറ്റത്തിലാണ് ആദ്യം മാറ്റങ്ങള്‍ കണ്ട് തുടങ്ങിയത്. ‘വലിയ കറുത്ത കണ്ണുകളുള്ള, ജന്തുവിന്റെ മുഖവും കൂര്‍ത്ത പല്ലുകളും, ചെവികളും കൊമ്പുകളും, കുളമ്പുകളുമുള്ള ഒരു വൃദ്ധന്’ തന്നെ ഭയപ്പെടുത്തുന്നതായി അവന് ജോണ്‍സണോടും ഡെബിയോടും പറഞ്ഞു.
ഇത് പ്രേതബാധയാണെന്ന് കരുതി പ്രേത ബാധകളെ ഒഴിപ്പിക്കുന്ന ദമ്പതികളായ എഡ്, ലോറൈന്‍ വാറന്‍ എന്നിവരെ വീട്ടുകാര്‍ വിളിച്ച് വരുത്തി. പഠനവൈകല്യമുള്ളതായി വിവിധ മാനസികരോഗ വിദഗ്ധര്‍ കണ്ടെത്തിയെങ്കിലും ഡേവിഡിന് പിശാചുബാധയുണ്ടെന്നായിരുന്നു വാറന്‍സിന്റെ നിഗമനം. വീട്ടുകാര്‍ അത് വിശ്വസിച്ചു. പുരോഹിതന്മാരെ കൊണ്ട് ബാധയൊഴിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഒക്ടോബറില്‍, ജോണ്സണ് പിശാചിനോട് തന്നെ കീഴ്പ്പെടുത്തി ഡേവിഡിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ജോണ്സണ് പിന്നീട് മയക്കത്തിലേക്ക് വീണുവെന്നാണ് പറയുന്നത്. ഡേവിഡിനെ വെറുതെ വിട്ട പിശാച് പിന്നീട് തന്റെ ശരീരത്തില്‍ കയറിയതായി ജോണ്സണ് പറഞ്ഞു. പിന്നെ അയാള്‍ കാട്ടിക്കൂട്ടിയതൊന്നും അയാള്‍ക്ക് ഓര്‍മ്മയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
1981 ഒക്ടോബര്‍ 28-നാണ് ജോണ്‍സന്റെ കൊലപാതക വിചാരണ ആരംഭിക്കുന്നത്. ബോണോയുടെ മുറിവുകള്‍ ഒരു മനുഷ്യ കരങ്ങള്‍ കൊണ്ട് ചെയ്യാന്‍ കഴിയാത്തത്ര ആഴത്തിലുള്ളതാണെന്ന് ജോണ്‍സന്റെ അഭിഭാഷകനായ മാര്ട്ടിന് മിന്നല്ല പറഞ്ഞു. പിശാച് ബാധ മൂലമാണ് ജോണ്സണ് ഈ കൊലപാതകം ചെയ്തതെന്ന് അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. പിശാച് ബാധയെത്തുടര്‍ന്ന് ചെയ്ത ഈ കൊലപാതകത്തില്‍ തന്റെ പ്രതി കുറ്റക്കാരനല്ല എന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ കോടതി ഈ വാദം അശാസ്ത്രീയവും, അസംബന്ധവുമാണെന്ന് വിധിച്ചു. 1981 നവംബര്‍ 24-ന് ഫസ്റ്റ്-ഡിഗ്രി നരഹത്യയ്ക്ക് ജോണ്സണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. കോടതി ജോണ്‍സണെ 10 മുതല്‍ 20 വര്‍ഷം വരെ തടവിന് വിധിച്ചു. എന്നാല്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം അയാള്‍ മോചിതനായി. യുഎസ് ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ പിശാച് ബാധ കേസായിരുന്നു ഇത്. ഈ കേസ് ‘പിശാച് എന്നെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ച’ കേസെന്ന് അറിയപ്പെടുന്നു.
ജയിലില്‍ ആയിരിക്കുമ്പോള്‍ തന്നെ ജോണ്സണ് ഡെബിയെ വിവാഹം കഴിച്ചു. ജയില്‍ തന്നെ വെച്ച് അയാള്‍ ഹൈസ്കൂള്‍ ഡിപ്ലോമയും നേടി. ഇന്ന് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. പ്രശസ്തമായ കോങ്ജൂറിങ് 3 ഇതിനെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയാണ്.