ഉമ്രാന് മാലിക്കിനെ പരീക്ഷിക്കാന്‍ സമയമായോ? നിര്‍ണായക വാക്കുകളുമായി ഡെയ്ല്‍ സ്റ്റെയ്ന്
ഡൽഹി: അതിവേഗക്കാരന് ഉമ്രാന് മാലിക് അരങ്ങേറ്റം കുറിക്കുമോ എന്ന ആകാംക്ഷയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യെഏറ്റവും ആകര്‍ഷകമാക്കുന്നത്. ഐപിഎല്ലില്‍ 150 കിലോമീറ്ററിലെ വേഗം സ്ഥിരമായി കൈവരിച്ച ഉമ്രാന് പരമ്പരയില്‍ തിളങ്ങാനാകും എന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. ഇവരുടെ കൂട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസവും ഐപിഎല്ലില്‍ ഉമ്രാന്റെ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനുമായ ഡെയ്ല്‍ സ്റ്റെയ്നുമുണ്ട്.
‘ഉമ്രാന് പരമാവധി വേഗത്തില്‍ അവസരം നല്‍കുകയാണ് വേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവസരം നല്കി താരത്തിന്റെ പേടിയെല്ലാം മാറ്റിയെടുക്കണം. അര്‍ഷ്ദീപ് സിംഗും മികച്ച പേസറാണ്. അദേഹത്തെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കാന്‍ പാടാണ്’ എന്നും സ്റ്റെയ്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റാണ് ഉമ്രാന് വീഴ്ത്തിയത്. സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്( 157 കിലോമീറ്റര്‍) ഉമ്രാന്റെ പേരിലായിരുന്നു. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 7.70 ഇക്കോണമിയില്‍ 10 വിക്കറ്റ് അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. ഉമ്രാനും അര്‍ഷ്ദീപിനും പുറമെ ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന് തുടങ്ങിയ പേസര്‍മാരും ഇന്ത്യന്‍ സ്ക്വാഡിലുണ്ട്.