പ്രൈഡ് മാസത്തിൽ സ്പെഷ്യല്‍ ബര്‍ഗര്‍ അവതരിപ്പിച്ച് ബര്‍ഗര്‍ കിങ്
ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് ബര്‍ഗര്‍. സസ്യ, സസ്യേതര ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് അവ ലഭിക്കുമെന്നത് ബര്‍ഗറിന്റെ പ്രത്യേകതയാണ്. രണ്ട് ബണ്ണുകള്‍ക്കിടയില്‍ ഇഷ്ടമനുസരിച്ച് ഫില്ലിങ്ങായി ചിക്കനോ മറ്റ് ഇറച്ചികളോ, പച്ചക്കറികളുമെല്ലാം വെച്ച് തയ്യാറാക്കിയെടുക്കുന്നതാണ് ബര്‍ഗര്‍.
ജൂണ്‍ ഒന്ന് മുതല്‍ 30 വരെയുള്ള ഒരുമാസക്കാലം എല്‍.ജി.ബി.ടി.ക്യു. പ്ലസ് പ്രൈഡ് മാസം ആയാണ് ലോകമെമ്പാടും ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് പ്രമുഖ ബര്‍ഗര്‍ ഉത്പാദന സ്ഥാപനവും ഫാസ്റ്റ് ഫുഡ് ശൃംഖലയുമായ ബര്‍ഗര്‍ കിങ് പുതിയൊരു തരം ബര്‍ഗര്‍ അവതരിപ്പിച്ചിരിക്കുകയാണ് വിപണിയില്‍. ഇരുവശങ്ങളിലും ഒരു പോലുള്ള ബണ്‍ ആണ് തങ്ങള്‍ ജൂണ്‍ മാസത്തില്‍ വിതരണം ചെയ്യുകയെന്ന് അവര്‍ അറിയിച്ചു. ‘പ്രൈഡ് വോപ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്പെഷ്യല്‍ ബര്‍ഗര്‍ കമ്പനിയുടെ ഓസ്ട്രിയയിലെ സ്റ്റോറുകളിലാണ് ലഭിക്കുക. ജൂൺ 20 വരെയായിരിക്കും ഈ ഓഫര്‍. തുല്യമായ സ്നേഹവും തുല്യമായ അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ സ്പെഷ്യല്‍ ബര്‍ഗര്‍ പുറത്തിറക്കുന്നതെന്ന് ബര്‍ഗര്‍ കിങ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
പുതിയ ബര്‍ഗര്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുമെന്നും ബഹുമാനത്തോടെയും സമാധാനത്തോടെയും മറ്റുള്ളവരെ പരിഗണിക്കുന്നതിനുള്ള ഓര്മപ്പെടുത്തലാണിതുകൊണ്ട് ഉദേശിക്കുന്നതെന്നും ബര്‍ഗര്‍ കിങ്ങിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.