സണ്‍ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി എം വി ഡി
സണ്‍ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വ്യാഴാഴ്ചമുതല്‍ ‘സുതാര്യം’ എന്നപേരില്‍ പ്രത്യേക പരിശോധന ആരംഭിക്കും. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകള്‍ മറയ്ക്കുന്നതിനെതിരായ കേന്ദ്രനിയമം ദുര്‍വ്യാഖാനംചെയ്ത് നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടി.
വാഹനങ്ങളുടെ സേഫ്റ്റി ഗ്ളാസുകളില്‍ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ളാക്ക് ഫിലിം എന്നിവ ഒട്ടിക്കരുതെന്ന് കോടതിവിധിയുണ്ട്. എന്നാല്‍, വാഹനങ്ങളില്‍ സണ്‍ കണ്ട്രോള് ഫിലിം അഥവ പ്ലാസ്റ്റിക് ലെയര്‍ പതിപ്പിക്കുന്നതിന് നിയമപരമായി അനുമതിയുണ്ടെന്നായിരുന്നു അടുത്തിടെ പ്രചരിച്ചിരുന്ന റിപ്പോര്‍ട്ട്. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020-ലെ ഏഴാം ഭേദഗതി പ്രകാരമാണ് സണ്‍ കണ്ട്രോള് ഫിലിം വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു.
ഭേദഗതി അനുസരിച്ച് മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ളതും വശങ്ങളില് 50 ശതമാനം ദൃശ്യതയുള്ളതുമായ സണ്‍ ഫിലുമുകള്‍ അനുവദിക്കാമെന്നും എല്ലാ വാഹനങ്ങളുടെയും വിന്‍ഡ് സ്ക്രീന്‍, റിയര്‍ ഗ്ലാസ്, എന്നിവയ്ക്ക് കൂളിങ്ങ് പതിക്കുമ്പോള്‍ 70 ശതമാനത്തില്‍ കുറയാത്ത കാഴ്ച ഉറപ്പാക്കണമെന്നാണ് നിയമമെന്നും വശങ്ങളിലെ ഗ്ലാസില്‍ 50 ശതമാനം കാഴ്ച നല്കുന്ന കൂളിങ്ങോ, ഉള്ളില്‍ പ്ലാസ്റ്റിക് ലെയറുള്ള ടഫന്റഡ് ഗ്ലാസോ, ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണെന്നും വലിയ പ്രചാരം നേടിയിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് ചര്‍ച്ചയായതോടെ വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തുകയായിരുന്നു. വാഹനങ്ങളുടെ ചില്ലുകളില്‍ സണ്‍ ഫിലിം, കൂളിങ്ങ് സ്റ്റിക്കറുകള്‍ പതിക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്ര നിയമഭേദഗതിയും വാഹനങ്ങളുടെ ഗ്ലാസിന്റെ സുരക്ഷ സംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരുന്നു.
പ്ലാസ്റ്റിക് പാളി ചേര്‍ത്ത ഗ്ലാസുകളുടെ നിര്‍വചനമാണ് ബി.ഐ.എസില്‍ പുതുതായി വന്നത്. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്ലാസുകള്‍ (സേഫ്റ്റി ഗ്ളേസിങ്) നിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാം. ഓട്ടോമൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്, ഇന്ത്യ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് പുതിയ വാഹന മോഡലുകള്‍ക്ക് വില്‍പ്പനാനുമതി നല്‍കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.