പണവും സ്വർണവും അടിച്ചുമാറ്റാൻ കള്ളൻ വീട്ടിനുള്ളിൽ കയറിയത് ഒരു പൂച്ചയ്ക്കുമാത്രം കയറാനാകുന്ന വിടവിലൂടെ, മോഷണ രീതി പുനരാവിഷ്കരിച്ചപ്പോൾ ശരിക്കുംഅമ്പരന്നത് പോലീസുകാർ
തൊടുപുഴ: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 20,000 രൂപയും രണ്ടര പവൻ സ്വർണ്ണവും മോഷ്ടിച്ച പ്രതി ജനൽ വഴി വീട്ടിനുള്ളിൽ കടന്ന രീതി കണ്ട് പൊലീസും നാട്ടുകാരും ഒരുപോലെ അമ്പരന്നു. മേയ് 24 ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കേസിലെ പ്രതി ഈരാറ്റുപേട്ട നടക്കൽ മുണ്ടകപറമ്പിൽ വീട്ടിൽ ഫൈസലിനെ (42) കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻവശത്തെ ജനലിന്റെ ഒരു കമ്പി ഏറെ നാളായി ഇല്ലായിരുന്നു. വീടിന്റെ മറ്റൊരു ഭാഗവും കുത്തിപ്പൊളിച്ചിരുന്നില്ല. ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നത് വീട്ടുകാർക്ക് പുറമേ അന്ന് പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വീടിനുള്ളിൽ നിന്ന് വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാൾ അകത്ത് കയറിയെന്ന് ഉറപ്പിക്കാനായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി പറഞ്ഞതും ജനൽ വഴി തന്നെ അകത്ത് കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ച് മോഷണ രീതി പുനരാവിഷ്കരിച്ചത്.
പൂട്ടിക്കിടന്ന വീട്ടിലെ ജനലിലേക്ക് ചവിട്ടിക്കയറി മുകൾനിരയിലെ കമ്പിയിൽ പിടിച്ച് ജനലിന്റെ ഒരു കമ്പിയില്ലാത്ത ഭാഗത്ത് കൂടി ആദ്യം കാൽ അകത്തേക്കിട്ടാണ് പ്രതി അകത്തു കയറിയത്. കൈയും തലയും ആദ്യം അകത്തിട്ടാൽ ചെറിയ വിടവിലൂടെ അകത്തേക്ക് കയറാനാവില്ലെന്നും അതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25 മോഷണ കേസുകളിൽ പ്രതിയും ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളുമാണ് ഫൈസൽ. ഏറ്റുമാനൂർ, പാലാ, പയ്യന്നൂർ, തൊടുപുഴ, മൂവാറ്റുപുഴ, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലാണ് ഫൈസലിന് കേസുകളുള്ളത്. എസ്.ഐമാരായ സി.ആർ. ഹരിദാസ്, ബൈജു പി. ബാബു, നിഖിൽ കെ.കെ, പൊലീസ് ഓഫീസർമാരായ എ.കെ. ജബ്ബാർ, ഉണ്ണികൃഷ്ണൻ, പി.ജി. മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.