പെട്രോൾ പമ്പുകളെ വിടാതെ മോഷ്ടാക്കൾ; കവർന്നത് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ
കൊച്ചി: പറവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ കവർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രംഭ ഫ്യൂവൽസിലാണ് മോഷണം നടന്നത്. മോഷ്ടാവ് വാതിൽ കുത്തിത്തുറന്ന് ഓഫീസിൽ കയറി പണവും മൊബൈൽ ഫോണും കവരുകയായിരുന്നു.മോഷണം പോയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കഴിഞ്ഞ ദിവസത്തെ കളക്ഷനിൽ നിന്ന് കിട്ടിയതായിരുന്നു. വെള്ള ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാത്രി പതിനൊന്നരയോടെയാണ് പെട്രോൾ പമ്പ് അടച്ച് ഉടമസ്ഥർ പോയത്.
ഒരാഴ്ച മുമ്പ് നഗരത്തിലെ മറ്റൊരു പെട്രോൾ പമ്പിലും കവർച്ച നടന്നിരുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ആൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരനിൽ നിന്ന് പണം തട്ടുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിൽ അർദ്ധരാത്രിയായിരുന്നു മോഷണം നടന്നത്. അമ്പതിനായിരം രൂപയാണ് കവർന്നത്. ജീവനക്കാരനെ മർദിച്ച്, കെട്ടിയിട്ട ശേഷമാണ് മോഷ്ടാവ് പണം കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.