മേൽശാന്തിയും മുൻ ശാന്തിയും കൂടി ക്ഷേത്രത്തിൽ നിന്ന് കടത്തിയത് ലക്ഷങ്ങളുടെ മുതൽ, മോഷണത്തിനുമുണ്ടായിരുന്നു പ്രത്യേകത
മുണ്ടക്കയം: ഇളങ്കാട് കൊടുങ്ങ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ മേൽശാന്തി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ക്ഷേത്രം മേൽശാന്തിയും ചേർത്തല സ്വദേശിയുമായ പടിഞ്ഞാറേ കുമ്പളയിൽ പ്രസാദ്(45), ക്ഷേത്രം മുൻ ശാന്തിയും ഇളംകാട് കൊടുങ്ങ വെട്ടത്ത് വീട്ടിൽ സബിൻ (30, കുക്കു ) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ക്ഷേത്ര നിർമ്മാണ പൂർത്തിയാകാത്തതിനാൽ തുറന്ന് സ്ഥലത്തായിരുന്നു നിലവിളക്ക് ഉൾപ്പെടെയുള്ള സൂക്ഷിച്ചിരുന്നത്. പലതവണ കാണിക്കയായി ലഭിച്ച നിലവിളക്കുകളും മറ്റും മേൽശാന്തിയുടെ നേതൃത്വത്തിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു. മേൽശാന്തി പ്രസാദ് പലതവണ മാന്നാറിലെ വ്യാപാര സ്ഥാപനത്തിലേക്ക് ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പകൽ ഓട്ട് ഉൽപ്പന്നങ്ങൾ ക്ഷേത്രത്തിൽ നിന്നും കടത്തി സ്വകാര്യ മുറിയിൽ സൂക്ഷിക്കും. രാത്രിയിൽ സബിൻ കാറുമായി എത്തുകയും ഇരുവരും ചേർന്ന് വിളക്കുകളും മറ്റും മാന്നാറിലെത്തിച്ച് വില്പന നടത്തുകയുമായിരുന്നു. ഏകദേശം മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മാന്നാറിലെ വ്യാപാര സ്ഥാപനത്തിൽ എഴുപത്തി അയ്യായിരം രൂപയ്ക്ക് വില്പന നടത്തിയത്.
മുണ്ടക്കയം സി.ഐ എ.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് പി.എസ്, അനൂപ് കുമാർ, എ.എസ്.ഐ മാരായ രാജേഷ്.ആർ, മനോജ് കെ.ജി, സി.പി.ഒമാരായ ജോഷി എം തോമസ്, ജോൺസൻ, ഷെഫീഖ്, റോബിൻ, ജയശ്രീ, ബിജി, നൂർദീൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.