കോഴിക്കോട് പെട്രോൾ പമ്പിൽ സിനിമാ സ്റ്റൈൽ കവർച്ച, മോഷണം ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച ശേഷം
കോഴിക്കോട്: പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. കോട്ടൂളിയിലെ പെട്രോൾ പമ്പിൽ അർദ്ധരാത്രിയോടെയാണ് സംഭവം. അമ്പതിനായിരം രൂപയാണ് കവർന്നതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കറുത്ത മുഖംമൂടി ധരിച്ച ഒരാളാണ് പമ്പിലെത്തിയതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇയാളും റാഫിയും തമ്മിൽ മൽപ്പിടുത്തമുണ്ടായി. റാഫിയെ ക്രൂരമായി മർദിക്കുകയും കൈ തുണി കൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടർന്ന് പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.