ഇന്ത്യൻ ഇതിഹാസം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു, പാഡഴിച്ചത് 23 വർഷം നീണ്ട് നിന്ന കരിയറിനൊടുവിൽ
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായിരുന്ന താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കലാണ് പ്രഖ്യാപിച്ചത്.ട്വിറ്ററിലൂടെയായിരുന്നു 39കാരിയായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കടന്നുപോയ വർഷങ്ങളിൽ എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് മിതാലി കുറിച്ചു. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടി ജീവിതത്തിലെ 2–ാം ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു. 23 വർഷം നീണ്ടുനിന്ന കരിയറിനൊടുവിലാണ് മിതാലി വിരമിച്ചിരിക്കുന്നത്ഏകദിനത്തിൽ നിന്ന് 7805 റൺസാണ് മിതാലി നേടിയത്. ഏഴ് ശതകങ്ങളും 64 അർദ്ധ ശതകങ്ങളും താരം ഏകദിനത്തിൽ സ്വന്തമാക്കി. 12 ടെസ്റ്റുകളിൽ നിന്ന് 699 റൺസും നേടി. ഒരു ശതകവും നാല് അർദ്ധ ശതകവും ഇതിൽ ഉൾപ്പെടുന്നു.89 വനിത ടി20 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി പാഡണിഞ്ഞ മിതാലി 2364 റൺസ് അടിച്ചെടുത്തു. 17 അർദ്ധ ശതകങ്ങളും സ്വന്തം പേരിൽ കുറിച്ചു. പുറത്താകാതെ നേടിയ 97 റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ.