സിഗരറ്റ് വാങ്ങാൻ പത്തുരൂപ നൽകിയില്ല; പതിനേഴുകാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: സിഗരറ്റ് വാങ്ങാൻ പത്തുരൂപ നൽകാത്തതിനെത്തുടർന്നുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർഭാത്തിൽ ജൂൺ ആറിനാണ് സംഭവം നടന്നത്. വിജയ് (17) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.കേസിൽ ആനന്ദ് പർഭാത്ത് സ്വദേശിയായ സോനു കുമാർ (24) , സുഹൃത്തുക്കളായ പ്രവീൺ (20), ജതിൻ (24), അജയ് (23) എന്നിവർ അറസ്റ്റിലായി. സിഗരറ്റ് വാങ്ങുന്നതിനായി സോനു വിജയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജയ് പണം നൽകാൻ വിസമ്മതിച്ചത് വാക്കുത്തർക്കത്തിൽ കലാശിച്ചു. തുടർന്ന് യുവാക്കൾ ചേർന്ന് വിജയിനെ കുത്തിപ്പരിക്കേൽപ്പിച്ചു. റോഡിൽ യുവാവ് ബോധരഹിതനായി കിടക്കുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിസിടിവി ക്യാമറകളുടെയും ദൃക്സാക്ഷികളുടെയും സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.