നാല് വർഷത്തിനിടെ ഇമ്രാൻ കടമെടുത്ത് പൊടിച്ചത് 20,000 ബില്യൺ രൂപ, തകർച്ചയുടെ വക്കിൽ പാകിസ്ഥാൻ
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ദയനീയ ധനസ്ഥിതിയെ കുറിച്ച് വ്യക്തമായ ചിത്രം നൽകി പുതിയ പാക് ധനമന്ത്രി മിഫ്താ ഇസ്മായിൽ. അടുത്ത 12 മാസം രാജ്യത്തിന് പിടിച്ചു നിൽക്കാനായി 41 ബില്യൺ യുഎസ് ഡോളർ വേണ്ടിവരുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇസ്ലാമാബാദിൽ സംഘടിപ്പിച്ച പ്രീബഡ്ജറ്റ് ബിസിനസ് കോൺഫറൻസിൽ സംസാരിക്കവെയാണ് ധനമന്ത്രിയുടെ പ്രസ്താവന. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ അന്താരാഷ്ട്ര നാണയ നിധിയുമായി വായ്പ എടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായും കോൺഫറൻസിൽ ഇസ്മായിൽ പറഞ്ഞു.
പാകിസ്ഥാന്റെ സാമ്പത്തിക തകർച്ചയ്ക്ക് പിന്നിൽ ഇമ്രാന്റെ തെറ്റായ നയങ്ങളായിരുന്നു എന്നാണ് പ്രധാനമായും ഷെരീഫ് സർക്കാർ ആരോപിക്കുന്നത്. കഴിഞ്ഞ 71 വർഷത്തിനിടയിൽ പാകിസ്ഥാനിലെ വിവിധ സർക്കാരുകൾ 25,000 ബില്യൺ പാക് രൂപ വായ്പ എടുത്തപ്പോൾ നാല് വർഷം കൊണ്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ എടുത്തത് 20,000 ബില്യൺ രൂപയാണ്. ഇത് കഴിഞ്ഞ 71 വർഷങ്ങളിൽ പാകിസ്ഥാൻ സർക്കാരിന്റെ മുഴുവൻ വായ്പകളുടെയും 80 ശതമാനത്തോളം വരും. വരുന്ന സാമ്പത്തിക വർഷം മാത്രം കടം വീട്ടുന്നതിനായി പാകിസ്ഥാന് 21 ബില്യൺ ഡോളർ ആവശ്യമായി വരുമെന്നും പാക് ധനമന്ത്രി വ്യക്തമാക്കി.