തൃശ്ശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട; കണ്ണൂരിലും മയക്കുമരുന്ന് പിടികൂടി
തൃശ്ശൂര്‍: തൃശൂരിൽ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.
ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. ഇപ്പോൾ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക്, കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ്, കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത്, അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ, തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ്, കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് എന്നിവരെയാണ് പുലർച്ചെ 3 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പിടികൂടിയത്.
കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്ലാസ്കുകൾ എന്നിവയിലാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഹാഷിഷ് ഓയിലിന്റെ രൂക്ഷഗന്ധം മറയ്ക്കാന്‍ സുഗന്ധ തൈലം പുരട്ടുകയും ചെയ്തു.
പിടിയിലായവർ ഇതിനുമുമ്പും പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടവരാണ്. ഷഫീക്ക്, മഹേഷ് എന്നിവർ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ കൊല്ലം മുനീബ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു മയക്കുമരുന്ന് കടത്ത്. മറ്റൊരു പ്രതിയായ ശരത് വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രണവ് എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.