സത്യേന്ദര്‍ ജെയിന് കുരുക്ക് മുറുക്കി ഇഡി; 2.85 കോടി രൂപയും 1.8 കിലോ സ്വര്‍ണ്ണവും പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് അറസ്റ്റിലായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ 2.85 കോടി രൂപയും 1.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. ഡല്‍ഹിയിലെ സത്യേന്ദര്‍ ജെയിന്റെയും കേസുമായി ബന്ധപ്പെട്ട മറ്റ് ഏഴുപേരുടെയും വീട്ടുകളില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു.
കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പണവും രഹസ്യമായി ഒളിപ്പിച്ചുവച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഇ.ഡി പ്രസ്താവനയില്‍ അറിയിച്ചു. റാം പ്രകാശ് ജുവലേഴ്സിന്റെ ഡയറക്ടര്‍മാരായ അങ്കുഷ് ജെയിന്, വൈഭവ് ജെയിന്, നവീന്‍ ജെയിന്, സിദ്ദാര്‍ഥ് ജെയിന് എന്നിവരുടെ വീടുകളില്‍ നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇവര്‍ സത്യേന്ദര്‍ ജെയിനെ നേരിട്ടോ അല്ലാതെയോ സഹായിച്ചുണ്ടെന്നും ഇ.ഡി പറഞ്ഞു.
കേസില്‍ നിര്‍ണായകമായ ചില ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ മേയ് 30നാണ് ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ ജൂണ്‍ ഏഴ് വരെ കോടതി അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ജെയിന്റെ ഉടമസ്ഥയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു