‘ആ ബാഗില്‍ കറന്‍സി; ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങള്‍, അതില്‍ ബിരിയാണി മാത്രമല്ല’
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കത്തിക്കയറി സ്വര്‍ണക്കടത്ത് കേസ്. പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിനെ വീണ്ടും ചര്‍ച്ചയാക്കുന്നത്. മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്ത് ഒരു ബാഗില്‍ കറന്‍സി കടത്തിയിരുന്നതായും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
‘സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നുമുള്ളതാണ് രഹസ്യമൊഴിയായി നല്‍കിയിരിക്കുന്നത്. 2016-ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്കാനിങ് മെഷീനില്‍ ആ ബാഗ് സ്കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജന്‍ഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന വിശദീകരിച്ചു.
ജീവന് ഭീഷണിയുണ്ടെന്നും രഹസ്യമൊഴി നല്കാന് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സ്വപ്ന നേരത്തെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എറണാകുളം സി.ജെ.എം. കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയത്. അതേസമയം, നിലവില്‍ സ്വപ്ന രഹസ്യമൊഴി നല്‍കാനിടയായ സാഹചര്യം എന്താണെന്ന് ഇ.ഡി.യ്ക്കോ അഭിഭാഷകര്‍ക്കോ അറിയില്ല.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞവര്‍ഷം അവസാനം ജാമ്യം ലഭിച്ച് ജയില്‍മോചിതയായ സ്വപ്നയെ നേരത്തെ ഇ.ഡി. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഏഴു മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇതെന്നാണ് അന്വേഷണ സംഘം അന്ന് വ്യക്തമാക്കിയത്. വീണ്ടും സ്വപ്നയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കേസ് നീണ്ടുപോകുന്നതിനിടെയാണ് സ്വപ്ന വീണ്ടും രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ചയാകും.
2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രത്യേക അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ബാഗേജിനുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിവരം പുറത്തറിയുകയും ചെയ്തു.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പിന്നാലെ ആരാണ് ഇതിനുപിന്നിലെന്ന ചോദ്യങ്ങളുയര്‍ന്നു. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരിലേക്കായി അന്വേഷണം. സംഭവത്തില്‍ കേസെടുത്തതോടെ സ്വപ്നയും സന്ദീപും അടക്കമുള്ളവര്‍ ഒളിവില്‍ പോയി.
ജൂലായ് 19-നാണ് സ്വപ്ന സുരേഷിനെ ബെംഗളൂരുവില്‍നിന്ന് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഒളിവില്‍ കഴിഞ്ഞ സ്വപ്നയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
സ്വപ്നയക്കൊപ്പം സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരും പിടിയിലായി. ഇവരുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പല അനുബന്ധ കേസുകളും പൊങ്ങിവന്നു. എന്‍.ഐ.എ, കസ്റ്റംസ്, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡോളര്‍ക്കടത്തിലും ലൈഫ് മിഷന് വിവാദത്തിലും കേസുകളുണ്ടായി. സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനും മന്ത്രിയായിരുന്ന കെ.ടി.ജലീലും ചോദ്യംചെയ്യലിന് വിധേയരായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത് പ്രധാന ചര്‍ച്ചാവിഷയവുമായി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 26 പ്രതിളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 35 പ്രതികളുണ്ട്. രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. സന്ദീപ് നായരെ ഈ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു.
അതേസമയം, ഫൈസല്‍ ഫരീദ് അടക്കമുള്ള മുഖ്യപ്രതികളെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ പിടികൂടാനായിട്ടില്ല. ദുബായില്‍നിന്ന് സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്‍.ഐ.എയ്ക്ക് പുറമേ കസ്റ്റംസും ഇ.ഡി.യും രജിസ്റ്റര്‍ ചെയ്ത കേസിലും ഫൈസല്‍ പ്രതിയാണ്. വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫൈസല്‍ എവിടെയാണെന്ന ചോദ്യം മാത്രം ബാക്കിനില്ക്കുന്നു.