അവിയലെടുത്ത് കൂട്ടണം…അതിനൊരുങ്ങിയ ഭക്ഷ്യമന്ത്രിക്ക് കിട്ടിയത് തലമുടി: സംഭവം സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനെത്തിയപ്പോൾ
തിരുവനന്തപുരം: സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനെത്തിയ ഭക്ഷ്യമന്ത്രിക്ക് ചോറിൽ നിന്ന് കിട്ടിയത് തലമുടി. കോട്ടൺഹിൽ സ്കൂളിൽ പരിശോധനയ്ക്കെത്തിയ മന്ത്രി ജി.ആർ അനിലിനാണ് തലമുടി കിട്ടിയത്. പാചകപ്പുര സന്ദർശിച്ചശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. അവിയൽ അടക്കമുള്ള കറികൾ ചേർത്ത് കഴിക്കുമ്പോഴാണ് മുടി കിട്ടുന്നത്. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ തൽസമയമായിരുന്നു സംഭവം.മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്കൂൾ അധികൃതർ ചോറും കറികളും എത്തിച്ചു. പക്ഷേ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കോട്ടൺഹിൽ എൽപി സ്കൂൾ ഉൾപ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്നും, സ്ഥല പരിമിതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജി.ആർ.അനിൽ വ്യക്തമാക്കി.