പ്രവാചക നിന്ദ; വധഭീഷണിയുണ്ടെന്ന് നൂപുർ ശർമ, സുരക്ഷയൊരുക്കി ഡൽഹി പൊലീസ്
ന്യൂഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശത്തിൽ നടപടി നേരിട്ട ബി ജെ പി വക്താവ് നൂപുർ ശർമയ്ക്ക് ഡൽഹി പൊലീസിന്റെ സുരക്ഷ. വധഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുർ ശർമ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്.
തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും മേൽവിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ ആവശ്യപ്പെട്ടു. നൂപുർ ശർമയ്ക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് ബി ജെ പി പുറത്തുവിട്ട കത്തിൽ അവരുടെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഗ്യാൻവാപി സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ ടിവി ചർച്ചയിലായിരുന്നു നൂപുർ ശർമയുടെ വിവാദ പ്രസ്താവന. പ്രവാചകനെ കുറിച്ച് താൻ നടത്തിയ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നതായും തന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്തണമെന്ന് ഉദ്ദേശിച്ച് കൊണ്ടായിരുന്നില്ലെന്നും കാണിച്ച് നൂപുർ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.